ന്യൂഡൽഹി: മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനടക്കം പ്രതിയായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസ് വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി സുപ്രീംകോടതി. കേസിൽ ഒന്നാം പ്രതിയായ റൗസ് ഷെരീഫാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള ബഞ്ചിന്റേതാണ് നടപടി.
നിലവിൽ ലക്നൗവിലാണ് കേസ് വിചാരണ നടക്കുന്നത്. കേസിലെ സാക്ഷികളടക്കമുള്ളത് കേരളത്തിലാണെന്നും അതിനാൽ കേസ് കേരളത്തിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ടാണ് ഷെരീഫ് സുപ്രീം കോടതിയിലെ സമീപിച്ചത്. ഒരു കാരണവശാലും കേസ് കേരളത്തിലേക്ക് മാറ്റാൻ കഴിയില്ലെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു. മാറ്റേണ്ട സാഹചര്യമില്ലെന്നും എൻഫോഴ്‌സ്‌മെന്റ് പറഞ്ഞിരുന്നു.
2020 ഒക്ടോബർ അഞ്ചിന് ഹാത്രസ് സംഭവത്തെ തുടർന്ന് ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ പോകും വഴിയാണ് സിദ്ദിഖ് കാപ്പനടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്യുന്നത്. യുഎപിഎ നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

