ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പ്രവർത്തക സമിതി യോഗത്തിന്റെ വേദിയായി ശ്രീനഗറിനെ നിശ്ചയിച്ചു; പാക്കിസ്ഥാനും ചൈനയ്ക്കും തിരിച്ചടി

ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പ്രവർത്തക സമിതി യോഗത്തിന്റെ വേദിയായി ശ്രീനഗറിനെ നിശ്ചയിച്ചു. പാക്കിസ്ഥാനും ചൈനയ്ക്കും ഇത് വലിയ പ്രഹരമേകിയിരിക്കുകയാണ്. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും വലിയ എതിർപ്പ് ഉയർത്തുകയും ചെയ്തുവെന്നാണ് വിവരം. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാൻ പരിപാടിയിലൂടെ കഴിയുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര സർക്കാർ.

മേയ് 22 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് ടൂറിസത്തിന്റെ ഭാഗമായുള്ള പ്രവർത്തകസമിതി യോഗം തീരുമാനിച്ചിരിക്കുന്നത്. ശ്രീനഗറിലെ വേദി മാറ്റാൻ വേണ്ടി സൗദി അറേബ്യ, തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് പാക്കിസ്ഥാൻ കൂടിയാലോചനകൾ നടത്തിയെങ്കിലും ഇത് വിജയിച്ചില്ലെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

ജി20 യോഗങ്ങളുടെ പുതുക്കിയ കലണ്ടറിലാണ് ടൂറിസവുമായ ബന്ധപ്പെട്ട പ്രവർത്തക സമിതി ശ്രീനഗറിൽ നടക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ശ്രീനഗറിലെ യോഗം ചൈന ബഹിഷ്‌കരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അരുണാചൽ പ്രദേശിലെ ജി20 വേദികൾക്കെതിരെ നേരത്തെ ചൈന രംഗത്തെത്തിയിരുന്നു. എന്നാൽ, അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും രാജ്യത്തെ 20 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ജി20 യോഗങ്ങൾ നടക്കുമെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ചൈന.