കോട്ടയം: തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ താപസൂചിക ഇന്ന് 55 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. ഈ മേഖലകളില്‍ 58 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. കൊല്ലം മുതല്‍ കോഴിക്കോടുവരെയുള്ള ജില്ലകളില്‍ പകല്‍ താപനില ഗണ്യമായി ഉയരുമെന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ പഠന വകുപ്പ് മുന്നറിയിപ്പ് നല്കി.
അതിനാല്‍, പകല്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണവും സൂര്യാതപവും വരാതെയും ശ്രദ്ധിക്കണം. കൊല്ലം മുതല്‍ കോഴിക്കോടു വരെയുള്ള ജില്ലകളില്‍ ഇടനാട്ടില് പകല്‍ താപനില 35നും 38 ഡിഗ്രിസെല്‍ഷ്യസിനും ഇടയിലായിരിക്കും.
അതേസമയം, ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും മണിക്കൂറില്‍ 40 ഡിഗ്രിവരെ വേഗതയുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. വരുന്ന മൂന്ന് ദിവസം കൂടി വേനല്‍മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

