ന്യൂഡൽഹി: കേരളത്തിലെ കൂടുതൽ കോൺഗ്രസ്, സിപിഎം നേതാക്കൾ വരുംദിവസങ്ങളിൽ ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ തന്നെ കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും സുരേന്ദ്രൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന് പിന്നാലെ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി മോദിയുടെ വികസന അജണ്ടയെ കുറിച്ച് നന്നായി അറിയാം. സബ്കാ സാത് സബ്കാ വികാസ് എന്നത് ബിജെപിയുടെ വെറുമൊരു മുദ്രാവാക്യമല്ല. ജനങ്ങൾ ഇതിൽ ഒരുപാട് വിശ്വാസമർപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാധാരണ ജനങ്ങൾ പ്രധാനമന്ത്രി മോദിയുടെ വികസന അജണ്ടയെ അംഗീകരിക്കുന്നു. മോദി യുവാക്കൾക്ക് മാതൃകയാണ്. കൂടുതൽ നേതാക്കൾ മോദിയെ പിന്തുണയ്ക്കും. കേരളത്തിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

