ന്യൂഡല്‍ഹി: പത്മ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് അമ്മ ഏറ്റു വാങ്ങുന്നത് കാണാന്‍ ബ്രിട്ടണിന്റെ പ്രഥമ വനിതയായ അക്ഷത എത്തിയത് അതിഥികളില്‍ ഒരാളന്ന സാധാരണ നിലയില്‍. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയുമായ സുധ മൂര്‍ത്തി പുരസ്‌കാരം വാങ്ങുന്നതിന് സാക്ഷ്യം വഹിക്കാന്‍ എത്തിയതാണ് അവര്‍.
അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ യാതൊന്നും അവകാശപ്പെടാതെ യുകെ സര്‍ക്കാരിന്റെ സുരക്ഷാസേന ഇല്ലാതെയാണ് അവരെത്തിയത്. ചടങ്ങിനെത്തിയ അവര്‍ നാരായണ മൂര്‍ത്തിയ്ക്കും സഹോദരന്‍ റോഹന്‍ മൂര്‍ത്തിയ്ക്കും സഹോദരി സുനന്ദ കുല്‍ക്കര്‍ണ്യക്കുമൊപ്പം അതിഥികള്‍ക്കുള്ള സീറ്റുകളില്‍ ഇരിക്കുകയായിരുന്നു. എന്നാല്‍, ഇവരെ തിരിച്ചറിഞ്ഞ സംഘാടകര്‍ പ്രോട്ടോക്കോള്‍ പ്രകാരം അക്ഷതയെ മുന്‍സീറ്റിലേക്ക് മാറ്റിയിരുത്തുകയായിരുന്നു.
കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അടുത്തിരുന്നാണ് അവര്‍ പരിപാടിയില്‍ പങ്കെടുത്തത്. ഒപ്പം മറുവശത്തായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും നിരയിലുണ്ടായിരുന്നു.

