കോക്കോ ദ്വീപിലെ സൈനിക നിര്‍മാണങ്ങള്‍; ചൈന നോട്ടമിട്ടത് എന്ത്?

അന്തമാന്‍ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് കോക്കോ ദ്വീപുകള്‍. വളരെക്കാലമായി വാര്‍ത്തകളുടേയും ഗൂഢാലോചാനാ സിദ്ധാന്തങ്ങളുടേയും കേന്ദ്രബിന്ദുവാണ് ഈ ദ്വീപുകള്‍. ദ്വീപില്‍ ചൈന സൈനികാവശ്യത്തിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ 1992-ലാണ് കോക്കോ ദ്വീപുകള്‍ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് വരുന്നത്. അടുത്തിടെ പുറത്തുവന്ന ചില സാറ്റലൈറ്റ് ചിത്രങ്ങളാണ് കോക്കോ ദ്വീപുകളെ വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

ഇന്ത്യയുടെ തന്ത്രപ്രധാന സ്ഥലമായ അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് 55 കിലോ മീറ്റര്‍ മാത്രം അകലെയുള്ള കോക്കോ ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രേറ്റ് കോക്കോയില്‍ വലിയ തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സാറ്റലൈറ്റ് ഇമേജറി സ്ഥാപനമായ മാക്‌സര്‍ ടെക്‌നോളജീസ് 2023 ജനുവരിയില്‍ എടുത്ത ഫോട്ടോകളില്‍ രണ്ട് പുതിയ സൈനിക ഹാങ്കറുകള്‍, ഒരു പുതിയ കോസ്വേ, ഒരു പാര്‍പ്പിട ബ്ലോക്ക് എന്നിവ വ്യക്തമാണ്. ഇവ ചൈനീസ് പിന്തുണയോടെയുള്ളതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മ്യാന്‍മറിന്റെ അധീനതയിലുളള ഈ ദ്വീപിലെ പുതിയ സൈനിക സൗകര്യങ്ങള്‍ ചൈനയുടെ ഇടപെടലിലേക്ക് വഴിവെച്ചെക്കുമെന്നും അത് ഇന്ത്യയുടെ സൈനിക ആധിപത്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാവുമെന്നാണ് വിലയിരുത്തല്‍. ദ്വീപില്‍ ധാരാളമായി തെങ്ങുകള്‍ കാണപ്പെട്ടിരുന്നു. ഇതില്‍ നിന്നാണ് പോര്‍ച്ചുഗീസ് നാവികര്‍ ദ്വീപിനെ കോക്കോ (തെങ്ങിന്റെ പോര്‍ച്ചുഗീസ് പദമാണ് ‘കോക്കോ’) എന്ന് വിളിച്ചത്. 1990-കളുടെ തുടക്കത്തിലാണ് ഗ്രേറ്റ് കോക്കോ ദ്വീപില്‍ സിഗ്‌നല്‍ സംവിധാനം വികസിപ്പിക്കാന്‍ ചൈന മ്യാന്‍മറിന് സഹായം നല്‍കുന്നു എന്ന വാര്‍ത്ത വന്നത്. ചൈനീസ് സൈന്യം ഗ്രേറ്റ് കോക്കോയില്‍ 45-50 മീറ്റര്‍ നീളമുള്ള ആന്റിന ടവര്‍ സ്ഥാപിച്ചുവെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍, ഈ ദ്വീപുകളില്‍ ചൈനയുടെ മേല്‍നോട്ടത്തില്‍ എന്തെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും അന്ന് ലഭിച്ചിരുന്നുമില്ല. കോക്കോ ദ്വീപുകളിലെ ചൈനീസ് സാന്നിധ്യത്തേക്കുറിച്ചും നാവികസേന സൗകര്യങ്ങളെത്തുറിച്ചും പുറത്തുവന്ന വാര്‍ത്തകളെല്ലാം ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നതായ

ചൈനയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള മേഖലയാണ് ഇന്ത്യന്‍ മഹാസമുദ്രം. ലോകത്തിലെ ആകെ വ്യാപാരത്തിന്റെ 20 ശതമാനവും ചൈനീസ് വ്യാപാരത്തിന്റെ 60 ശതമാനവും കടന്നുപോകുന്നത് മലാക്ക കടലിടുക്ക് വഴിയാണ്. അതിനാല്‍ ഈ മേഖലയില്‍ ഒരു സംഘര്‍ഷമുണ്ടായാല്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് ചൈന ബോധവാന്മാരാണ്. കോക്കോ ദ്വീപുകളിലെ സൈനിക സാന്നിധ്യം യഥാര്‍ഥത്തില്‍ സ്ഥാപിക്കപ്പെട്ടാല്‍ ഇന്ത്യയുടെ നാവിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചൈനയ്ക്ക് മുന്‍തൂക്കം നല്‍കും. ഇത് പ്രദേശത്ത് വലിയ തോതില്‍ ഇടപെടുന്ന ഓസ്‌ട്രേലിയ, യു.എസ്, ജപ്പാന്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുകയും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയേ ശക്തിപ്പെടുത്തുകയും ചെയ്യും.

അതേസമയം, ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നിയന്ത്രിച്ചിരുന്ന ഒരു ആന്റിന ടവര്‍ ഒരു പൂര്‍ണതോതില്‍ സിഗ്‌നല്‍ ഇന്റലിജന്‍സ് പോസ്റ്റാക്കി മാറ്റിയെന്നും തുടര്‍ന്ന് മ്യാന്‍മറില്‍നിന്ന് ദ്വീപുകള്‍ ചൈന പൂര്‍ണമായും പാട്ടത്തിനെടുത്തുവെന്നും അടുത്തിടെ കഥകള്‍ പുറത്തുവന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൃത്യമായ നിരീക്ഷണം നടക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഗ്രേറ്റ് കോക്കോയില്‍ കേന്ദ്രം ഒരുങ്ങുന്നതെന്നാണ് വിവരം. ഗ്രേറ്റ് കോക്കോ എന്തുകൊണ്ടും പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ തന്നെ ചൈനീസ് കണ്ണുകള്‍ പതിഞ്ഞിട്ടുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. പാശ്ചാത്യ ഉപരോധങ്ങളാല്‍ ഒറ്റപ്പെടുകയും ആഭ്യന്തര പ്രശ്നങ്ങളാല്‍ വലയുകയും ചെയ്യുന്ന മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ചൈനയുടെ താല്പര്യവും മൂലധനവും തള്ളിക്കളയാവുന്നതുമല്ല. ബംഗാള്‍ ഉള്‍ക്കടലിന്റെ കിഴക്കന്‍ ഭാഗത്ത് ഇന്ത്യക്ക് കാര്യമായ മേല്‍കൈ നല്‍കുന്നത് അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളാണ്. ഇതിന് സമീപം ഒരു നിരീക്ഷണ കേന്ദ്രം വരുന്നത് അത്ര നല്ലതാവില്ല.