തിരുവനന്തപുരം: ക്ഷേമ പെൻഷനുകൾ വിഷുവിനെങ്കിലും കുടിശ്ശിക തീർത്ത് നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കോടികൾ കടമെടുത്ത് ധൂർത്തുകളുടെ മഹാമഹം നടത്തുന്ന ജനവിരുദ്ധ സർക്കാരാണ് പിണറായി വിജയന്റേതെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്നു മാസങ്ങളായി ക്ഷേമപെൻഷനുകൾ മുടങ്ങിക്കിടക്കുകയാണ്. വിശേഷ അവസരമായ വിഷു വന്നിട്ടുപോലും കുടിശ്ശിക തീർക്കാനായി സർക്കാർ തയ്യാറാകുന്നില്ല. കൃത്യമായി ജനങ്ങളിലേക്ക് വർദ്ധിപ്പിച്ച പെൻഷൻ മുടങ്ങാതെ എത്തിച്ച മുൻ യുഡിഎഫ് സർക്കാരിനെ പറ്റി ഇപ്പോളും നാണംകെട്ട വ്യാജ പ്രചാരണങ്ങൾ നടത്തുന്ന കൂട്ടമാണ് സിപിഎമ്മെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കെഎസ്ആർടിസിയിലെ പെൻഷൻ പോലും കൃത്യമായി കൊടുത്ത യുഡിഎഫിന്റെ കാലഘട്ടത്തിൽ നിന്നും അവിടെ ശമ്പളം പോലും കൊടുക്കാനാകാത്ത കാലത്തേക്കാണ് ശ്രീ. വിജയൻ കേരളത്തെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നത്. നിരാലംബർക്ക് ആശ്രയം ആകേണ്ട പല പെൻഷനുകളും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. കോടികളുടെ അധിക നികുതിയാണ് മുഖ്യമന്ത്രി വിജയൻ ജനങ്ങളെ പിടിച്ചുപറിച്ച് ശേഖരിച്ചു കൊണ്ടിരിക്കുന്നത്. ഒരു വീട് വെക്കുക എന്നത് സാധാരണക്കാരന്റെ സ്വപ്നം മാത്രമായി മാറുന്നു. അവിടെ പോലും ഈ ജനദ്രോഹ സർക്കാർ കൊള്ള നടത്തി പണം സമ്പാദിക്കുകയാണ്. പെട്രോൾ ഡീസൽ വിലകളിൽ കേന്ദ്രം നടത്തുന്ന കൊള്ളയ്ക്കു പുറമേ രണ്ടു രൂപ അധികം ചുമത്തി ജനങ്ങളുടെ നെട്ടോട്ടം കണ്ട് ചിരിക്കുന്ന സാഡിസ്റ്റായി കേരള മുഖ്യമന്ത്രി മാറിയിരിക്കുന്നുവെന്ന് കെ സുധാകരൻ അറിയിച്ചു.
ജനങ്ങളിൽ നിന്ന് തന്നെ അധികമായി കോടിക്കണക്കിന് രൂപ കൊള്ളയടിച്ചിട്ടും പാവപ്പെട്ടവർക്ക് നൽകാനുള്ള ക്ഷേമ പെൻഷനുകൾ പോലും മുഴുവനായി കൊടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ആയിരക്കണക്കിന് ഗുണഭോക്താക്കളെയാണ് പെൻഷൻ നൽകേണ്ട പട്ടികയിൽ നിന്നും സർക്കാർ വെട്ടിമാറ്റിയിരിക്കുന്നത്. പി ആർ വർക്കുകൾ നടത്തി ആളുകളുടെ കണ്ണിൽ പൊടിയിടുന്ന ചെപ്പടിവിദ്യകൾ മാറ്റിവെച്ചിട്ട് , മുടങ്ങിക്കിടക്കുന്ന മുഴുവൻ പെൻഷനും അർഹരായ മുഴുവൻ പേരെയും ഉൾപ്പെടുത്തി ഇനിയെങ്കിലും കൊടുത്തു തീർക്കണമെന്ന് കെപിസിസി ശക്തമായി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

