രാഹുൽ ഗാന്ധി ഏപ്രിൽ 11 ന് വയനാട് സന്ദർശിക്കും; വമ്പൻ സ്വീകരണം നൽകാൻ കോൺഗ്രസ്

വയനാട്: വയനാട്ടിൽ സന്ദർശനം നടത്താൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഏപ്രിൽ 11 നാണ് അദ്ദേഹത്തിന്റെ വയനാട് സന്ദർശനം. എം പി സ്ഥാനത്ത് നിന്ന് അയോഗ്യനായതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായാണ് വയനാട് സന്ദർശിക്കുന്നത്. വയനാട്ടിൽ രാഹുലിന് വലിയ സ്വീകരണം നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലയിൽ നിന്നുള്ള പ്രവർത്തകരെ അണിനിരത്തി റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി.

മോദി പരാമർശത്തിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് രാഹുലിന് 2 വർഷം വെറും തടവ് ശിക്ഷ വിധിച്ചത്. അപ്പീൽ നൽകാനായി രാഹുലിന് 30 ദിവസം ജാമ്യവും അനുവദിച്ചിരുന്നു. രണ്ട് വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെയാണ് രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്.

അതേസമയം, കഴിഞ്ഞ ദിവസം രാഹുലിന്റെ അപ്പീൽ പരിഗണിച്ച അഡിഷനൽ സെഷൻസ് കോടതി അപ്പീൽ കാലയളവിലേക്ക് രാഹുലിന്റെ ജാമ്യം നീട്ടി നൽകി. 15,000 രൂപയാണ് ജാമ്യ തുകയായി നൽകേണ്ടത്. അപ്പീൽ പരിഗണിക്കുമ്പോൾ രാഹുൽ കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശമുണ്ട്.