കനത്ത ഇടിയും മഴയും; ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്; 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ബംഗളൂരു: ബംഗളൂരുവിൽ വെള്ളക്കെട്ട്. കനത്ത മഴയെത്തുടർന്നാണ് ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ശക്തമായ മഴയും ഇടിമിന്നലുമാണ് ബംഗളൂരുവിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മഴയെ തുടർന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ 14 വിമാനങ്ങൾ വഴിതിരിച്ചു വിട്ടിരുന്നു. നിരവധി വിമാന സർവ്വീസ് വൈകുകയും ചെയ്തിരുന്നു.

ഏഴ് ഇൻഡിഗോ വിമാനങ്ങളും മൂന്ന് വിസ്താര വിമാനങ്ങളും രണ്ട് ആകാശ എയർലൈൻസ് വിമാനങ്ങളും ഒരു ഗോ എയർ വിമാനവും, ഒരു എയർ ഇന്ത്യ വിമാനവുമാണ് വഴിതിരിച്ചുവിട്ടത്. സ്ഥിതിഗതികൾ ശാന്തമായതോടെ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുന:രാരംഭിച്ചു. 12 വിമാനങ്ങൾ ചെന്നൈയിലേക്കും ഒരു വിമാനം കോയമ്പത്തൂരിലേക്കും മറ്റൊന്ന് ഹൈദരാബാദിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.

വർത്തൂർ, സർജാപുര, വൈറ്റ്ഫീൽഡ്, മാറത്തല്ലി, ബെല്ലന്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.