തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ലോക കേരള സഭയുടെ മേഖല സമ്മേളനങ്ങള്‍ക്കായി വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. അമേരിക്കയിലും സൗദി അറേബ്യയിലുമായിട്ട് ലോക കേരളസഭയുടെ മേഖല സമ്മേളനങ്ങള്‍ നടത്താനാണ് സര്‍ക്കാരിന്റെ ആലോചന.
ജൂണില്‍ അമേരിക്കയിലും സെപ്റ്റംബറില്‍ സൗദിയിലുമാണ് മേഖല സമ്മേളനങ്ങള്‍ നടക്കുകയെന്നാണ് പ്രാഥമിക വിവരം. സമ്മേളനങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രണ്ട് സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.
അതേസമയം, സംസ്ഥാനം കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കെ ജനത്തെ കൊഞ്ഞനം കുത്തിയാണ് ലോക കേരള സഭ എന്ന പേരില്‍ എല്ലാവരും കൂടി അമേരിക്കയിലേക്കും സൗദിയിലേക്കും ടൂറ് പോകാനാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു. ‘കടം എടുത്തിട്ടും എടുത്തിട്ടും തീരാത്ത പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുക്കുത്തുമ്പോഴാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനായി 125 കോടി രൂപ അനുവദിക്കാന്‍ ഈ മുഖ്യമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും തൊലിക്കട്ടി ഉണ്ടാകുമെന്ന് കരുതുന്നില്ല. പോലീസ് ജീപ്പിന് ഡീസലടിക്കാന്‍ പോലും പണമില്ലാത്ത അവസ്ഥയിലാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

