ന്യൂഡൽഹി: അരുണാചൽ പ്രദേശിന് മേലുള്ള അവകാശവാദം ഉറപ്പിക്കാൻ പുതിയ ശ്രമങ്ങളുമായി ചൈന. ഇതിന്റെ ഭാഗമായി അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നൽകി. ടിബറ്റിന്റെ തെക്കൻ ഭാഗമായ സാങ്നാൻ എന്നാണ് ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെ ചൈന വിശേഷിപ്പിച്ചത്. ചൈനീസ്, ടിബറ്റൻ, പിൻയിൻ എന്നീ ഭാഷകളിലുള്ള അക്ഷരങ്ങളിലൂടെ ആഭ്യന്തരകാര്യ മന്ത്രാലയം ചൈനയുടെ കാബിനറ്റായ സ്റ്റേറ്റ് കൗൺസിൽ പുറപ്പെടുവിച്ച പേരുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ട് ഭൂപ്രദേശങ്ങൾ, രണ്ട് ജനവാസ മേഖലകൾ, അഞ്ച് പർവതശിഖരങ്ങൾ, രണ്ട് നദികൾ തുടങ്ങിയവയാണ് പേര് നൽകിയ മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. മുൻപും ചൈനയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടികളുണ്ടായിട്ടുണ്ട്. 2017ൽ ആറ് സ്ഥലങ്ങൾക്കും 2021ൽ 15 സ്ഥലങ്ങൾക്കും ചൈനീസ് ആഭ്യന്തര കാര്യ മന്ത്രാലയം ഇങ്ങനെ പേര് നൽകിയിട്ടുണ്ട്.
അതേസമയം, അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യ നേരത്തെ രംഗത്തെത്തിയിരുന്നു. അരുണാചൽ പ്രദേശ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന പുതിയ പേരുകൾ നൽകുന്നത് ഈ വസ്തുതയ്ക്ക് മാറ്റം വരുത്തില്ലെന്നുമായിരുന്നു ഇന്ത്യയുടെ വാദം.

