മധുവിന്റെ കൊലപാതകം കേരളം അപമാനഭാരത്താൽ തലകുനിച്ചുനിന്ന സംഭവം; കോടതി വിധി ആശ്വാസകരമാണെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ 14 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമാണെന്ന് അദ്ദേഹം പറഞ്ഞു.

മധുവിന്റെ കൊലപാതകം കേരളം അപമാനഭാരത്താൽ തലകുനിച്ചുനിന്ന സംഭവമാണ്. മനസാക്ഷിയുള്ളവരെയെല്ലാം വേട്ടയാടുന്നതായിരുന്നു മധുവിന്റെ മുഖം. കേസ് നടത്തിപ്പിൽ സർക്കാരിന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടും 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി കേരളീയ പൊതുസമൂഹത്തിന് സന്തോഷവും ആശ്വാസവും നൽകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരും പ്രോസിക്യൂഷനും കേസ് നടത്തിപ്പിൽ പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു. മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇത്രയൊക്കെ നടന്നിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മധുവിന്റെ കുടുംബത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. മധുവിന്റെ അമ്മയുടെയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാർഢ്യവും കേസിൽ നിർണായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.