സിബിഐയുടെ വിശ്വാസ്യത കൂടുന്നു; നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് സിബിഐയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സിബിഐയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിബിഐയുടെ വിശ്വാസ്യത കൂടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് സിബിഐ എന്നും അദ്ദേഹം അറിയിച്ചു.

സിബിഐ നൽകുന്നത് അഴിമതി കാട്ടുന്നത് ഏത് ഉന്നതനായാലും വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ്. സിബിഐയുടെ ഡയമണ്ട് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സിബിഐയുടെ ശത്രുവാണ് അഴിമതി. യുപിഎ സർക്കാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു.

അഴിമതിക്കാരുടെ ഇപ്പോഴത്തെ വിനോദം അന്വേഷണ ഏജൻസികളെ അപമാനിക്കലാണ്. അഴിമതിക്കെതിരെ പോരാടാനുള്ള ഇച്ഛാശക്തിയും, രാഷ്ട്രീയശക്തിയും ഈ സർക്കാരിനുണ്ട്. അഴിമതിയിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ചാണ് സർക്കാരിനെതിരെ ഇപ്പോൾ ചിലർ നീങ്ങുന്നത്. അന്വേഷണ ഏജൻസികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാം. അവരെ തടയാൻ ആരും നോക്കേണ്ടെന്നും രാജ്യം അന്വേഷണ ഏജൻസികൾക്കൊപ്പമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുൻ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരുന്നു. എങ്ങനെ അഴിമതി നടത്താമെന്നായിരുന്നു അവരുടെ ഗവേഷണം. യുപിഎ കാലത്ത് 2G ലേലം അഴിമതിയുടെ മാർഗമായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് 5 G ലേലം സുതാര്യതയുടെ ഉദാഹരണമായി. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായ പാവങ്ങളെപ്പോലും കൊള്ളയടിച്ചു. അഴിമതിക്കാർ ഇപ്പോൾ അനുഭവിക്കുകയാണ്. അഴിമതിക്കാരിൽ ഒരാളെ പോലും വെറുതെ വിടില്ല. ശക്തരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.