തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തികവർഷം മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രാബത്തയായി കൈപ്പറ്റിയത് 3.17 കോടി രൂപ. 2.5 കോടി രൂപ മാത്രമായിരുന്നു ബജറ്റിൽ യാത്രാബത്തയായി അനുവദിച്ചിരുന്നതെങ്കിലും പിന്നീട് അധികം തുക അനുവദിക്കുകയായിരുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ഇത്രയധികം രൂപ യാത്രാ ബത്തയായി മുഖ്യമന്ത്രിയും മന്ത്രിമാരും കൈപ്പറ്റിയത്.
ട്രഷറിയിൽ ബില്ലുകൾ സമർപ്പിക്കുന്നതിന് അനുവദിച്ച അവസാന തീയതിയുടെ തലേ ദിവസമാണ് മന്ത്രിമാർക്ക് യാത്രാബത്ത ഇനത്തിൽ 20 ലക്ഷം കൂടി അനുവദിച്ചത്. ധനവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഓരോ സാമ്പത്തിക വർഷവും മന്ത്രിമാർക്ക് യാത്രാബത്തയിനത്തിൽ ബജറ്റിൽ തുക മാറ്റിവെക്കാറുണ്ട്. യാത്രാബത്തയിനത്തിൽ അതിൽ കൂടുതൽ ചെലവായാൽ അധികം തുക അനുവദിക്കുന്നതാണ്.
രണ്ടരക്കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തികവർഷം യാത്രാബത്ത ഇനത്തിൽ ബജറ്റിൽ നീക്കിവച്ചിരുന്നത്. ഈ തുകയുടെ പരിധി കഴിഞ്ഞതോടെ 88.59 ലക്ഷം രൂപയുടെ അഡിഷനൽ പ്രൊവിഷൻ ധനവകുപ്പ് അനുവദിച്ചു. ഇതോടെ ആകെ യാത്രാബത്തക്കായി നീക്കിവച്ച തുക 3.38 കോടി രൂപയായി. ഈ സാമ്പത്തികവർഷത്തെ അന്തിമ കണക്ക് പ്രകാരം യാത്രാബത്തയിനത്തിൽ ചെലവായിരിക്കുന്നത് 3.17 കോടി രൂപയാണ്.

