ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയിൽ അമേരിക്കയുടെയും ജർമനിയുടെയും അഭിപ്രായ പ്രകടനങ്ങൾക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. പാശ്ചാത്യർക്ക് വളരെ കാലമായി ഒരു മോശം ശീലമുണ്ടെന്നും മറ്റുള്ളവരെ കുറിച്ച് അഭിപ്രായം പറയുക എന്നത് ദൈവം നൽകിയ അവകാശമായാണ് അവർ കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇങ്ങനെ തുടരുകയാണെങ്കിൽ, മറ്റുള്ളവരും അവരുടെ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞുതുടങ്ങും. അവർക്കത് ഇഷ്ടപ്പെടില്ല. അത് അനുഭവങ്ങളിൽ നിന്ന് പഠിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ലോക ശ്രദ്ധ ക്ഷണിക്കുന്നത് അവസാനിപ്പിക്കണമെന്നും ജയ്ശങ്കർ ആവശ്യപ്പെട്ടു.
അമേരിക്കയും ജർമനിയും രാഹുലിന്റെ വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയുന്ന മോശം ശീലം പാശ്ചത്യർക്കുണ്ട്. രണ്ടാമത്തേത്, നമ്മുടെ വിഷയങ്ങളിൽ അഭിപ്രായം പറയാനായി ചിലർ അവരെ ക്ഷണിച്ചു വരുത്തുകയാണെന്നായിരുന്നു ജയ്ശങ്കറിന്റെ പരാമർശം.

