പുനലൂർ: പുനലൂർ പ്ലാച്ചേരി ഫ്‌ളാറ്റ് സമുച്ചയം ഏപ്രിൽ എട്ടിന് തുറക്കുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ ഫളാറ്റ് സമുച്ചയമാണിത്. 2017 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് ആദ്യമായി തറക്കല്ലിട്ട സംരംഭമാണിത്. ഒരു വർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അഞ്ചു വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തിയായത്.
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പ്ലാച്ചേരിയിൽ നിന്നു 350 മീറ്റർ അകലെയാണ് ഫ്‌ളാറ്റ് സമുച്ചയം. പുനലൂർ പട്ടണത്തിൽ നിന്നു നാലര കിലോമീറ്റർ ദൂരത്തിലാണ് ഫ്‌ളാറ്റ് സമുച്ചയമുള്ളത്. അരയേക്കർ ഭൂമിയിൽ 28,857 ചതുരശ്ര അടിയിലാണ് ഫ്‌ളാറ്റ് സമുച്ചയം. ഓരോ ഭവനവും 511.58 ചതുരശ്ര അടിയാണ്. ഓരോ ഭവനത്തിലും ഒരു ഹാൾ, രണ്ടു കിടപ്പുമുറി, അടുക്കള, ശുചിമുറി, കുളിമുറി, ബാൽക്കണി എന്നിവയുണ്ട്.
കുഴൽ കിണർ, സൗരോർജ സംവിധാനം, ഖരമാലിന്യ സംസ്‌കരണ ത്തിനുള്ള പ്ലാന്റ്, മഴവെള്ള സംഭരണി, ജനറേറ്റർ, ട്രാൻസ്‌ഫോമർ തുടങ്ങിയവയും സജ്ജമാക്കും. പദ്ധതിയുടെ മേൽനോട്ട ചുമതല തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു. 44 ഭവനങ്ങളാണ് ഫളാറ്റ് സമുച്ചയത്തിൽ ആകെയുള്ളത്. ഇതിൽ ഒരെണ്ണം അങ്കണവാടിക്കും ഒരെണ്ണം വയോജന കേന്ദ്രത്തിനും വേണ്ടിയുള്ളതാണ്. ബാക്കി 42 ഭവനങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറും.
മലിന ജല സംസ്‌കരണ പ്ലാന്റ് നിർമാണത്തിനായി ഇവിടെ നിന്നു ഒഴിപ്പിച്ച 3 കുടുംബങ്ങൾക്ക് സമുച്ചയത്തിൽ വീടു നൽകും. ബാക്കിയുള്ള 39 വീടുകൾ ലൈഫ് മിഷൻ പദ്ധതിയുടെ പട്ടികയിലുൾപ്പെട്ട ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

