കോട്ടയം: കോട്ടയത്ത് വീണ്ടും പഴകിയ മത്സ്യങ്ങളുടെ വില്പന വ്യാപകം. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഈ മത്സ്യങ്ങൾ എത്തിക്കുന്നത്. ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ കലർത്തിയ മത്സ്യമാണ് മേഖലയിലേക്ക് എത്തിക്കുന്നത്. പഴക്കമുണ്ടെങ്കിലും കാഴ്ചയിൽ പച്ചയാണെന്ന് തോന്നുമെങ്കിലും ഈ മത്സ്യങ്ങൾ പാകം ചെയ്യുമ്പോൾ മാംസത്തിന് കറുത്ത നിറം ഉണ്ടാകുന്നതായും ചിലപ്പോൾ കറി പതയോട് കൂടി തിളച്ചു പൊന്തുന്നുവെന്നുമാണ് വീട്ടമ്മമാർ ചൂണ്ടിക്കാട്ടുന്നു.
പുതിയ മീനിന്റെ മാംസം ഉറച്ചതും തിളക്കമുള്ളതുമാവും. മീൻ ഫ്രഷ് ആണെങ്കിൽ അധികം ദുർഗന്ധം അനുഭവപ്പെടുകയും ചെയ്യില്ല. ഫ്രഷ് മീനുകൾക്ക് കണ്ണിൽ തിളക്കം ഉണ്ടാകും. രാസവസ്തുക്കൾ ചേർത്തതിന് കണ്ണിൽ നീലനിറമായിരിക്കും കാണുന്നത്. ചെകിളകൾ നനഞ്ഞതും ചുവപ്പു നിറത്തിലും ആണെങ്കിൽ ഫ്രഷ് ആണ്. മുറിച്ചു നൽകുന്ന മീനിന് ഈർപ്പം ഉണ്ടോയെന്ന് പരിശോധിക്കണം. മീനിന് തവിട്ടുനിറവും അറ്റത്ത് മഞ്ഞനിറവും ഉണ്ടെങ്കിൽ പഴയതാണ്. വലിയ മീൻ മുറിക്കുമ്പോൾ ഉള്ളിൽ നീലനിറത്തിലുള്ള തിളക്കം കാണുന്നുണ്ടെങ്കിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്.
നിരവധി സ്ഥലങ്ങളിൽ ഗുണനിലവാരമില്ലാത്ത മത്സ്യവില്പനയാണ് നടക്കുന്നത്. എന്നാൽ, ഇതിനെതിരെ കാര്യമായ പരിശോധനകൾ നടക്കുന്നില്ലെന്നത് വേദനാജനകമാണ്.

