ഓശാന ഞായര്‍ ആചരിച്ച് ക്രൈസ്തവര്‍

കോട്ടയം: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും സുവിശേഷ വായനയും കുരുത്തോല ആശിര്‍വാദവും കുരുത്തോല പ്രദക്ഷിണവും നടന്നു.

ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവ് മരച്ചില്ലകള്‍ വീശി സ്വീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാന ഞായര്‍. വാഴ്ത്തിയ കുരുത്തോലകള്‍ കൈയ്യിലേന്തി വിശ്വാസികള്‍ ക്രിസ്തുവിന്റെ ജറുസലേം യാത്രയുടെ ഓര്‍മ്മ പുതുക്കി പ്രദക്ഷിണം നടന്നു. വൈദികന്‍ വെഞ്ചരിച്ച് ആശിര്‍വദിച്ച് നല്‍കുന്ന കുരുത്തോല വീടുകളിലും സ്ഥാപനങ്ങളിലും രക്ഷയുടെ അടയാളമായി വിശ്വാസികള്‍ പ്രതിഷ്ഠിക്കും.

അതേസമയം, അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹാ വ്യാഴം, കുരിശുമരണദിനമായ ദു:ഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മപുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധാചാരണം പൂര്‍ത്തിയാകും. ഈസ്റ്ററോടെ അമ്ബത് നോമ്ബിനും സമാപനമാകും.