കൊച്ചി: കേരളത്തെ പ്രമുഖ വെഡിംഗ് ഡെസ്റ്റിനേഷനാക്കി സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ലക്ഷ്യവുമായി സംസ്ഥാന ടൂറിസം വകുപ്പ്. വെഡിംഗ് ഇന്‍ കേരള എന്നാണ് പേര്. നാല് മാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കും. 1.75 കോടി രൂപ മാര്‍ക്കറ്റിംഗിനായി വകയിരുത്തി.
കെ.ടി.ഡി.സി ഹോട്ടലുകള്‍ക്ക് പുറമേ സ്വകാര്യ ഹോട്ടലുകളെയും റിസോര്‍ട്ടുകളെയും ഇതിന്റെ ഭാഗമാക്കും. വലിയ കല്യാണത്തിന് കോടികള്‍ ചെലവുവരും. ധാരാളം മുറികളുള്ള ഹോട്ടല്‍, ഔട്ട്‌ഡോര്‍ സൗകര്യം, പ്രകൃതി ഭംഗി എന്നിവ നോക്കിയാണ് ഹോട്ടലുകള്‍ തിരഞ്ഞെടുക്കുക. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പരദേശി കല്യാണങ്ങള്‍ നടക്കുന്നത്.
അതേസമയം, ടൂറിസം വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള ഡെസ്റ്റിനേഷന്‍ തിരഞ്ഞെടുക്കാം. ഹോട്ടലുകളുമായി നേരിട്ടും ഇടപാടുകള്‍ നടത്താം. ഇവന്റ് മാനേജ്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ വിവാഹ പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. കേരളസദ്യയ്ക്ക് പുറമേ കഥകളി, മോഹിനിയാട്ടം, ചെണ്ടമേളം തുടങ്ങിയവയും അവതരിക്കും. ചെറു ട്രിപ്പുകള്‍ ഉള്‍പ്പെട്ട പാക്കേജുമുണ്ട്.

