കൊച്ചി: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരായ ഹർജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്താ വിധിയിൽ പ്രതികരണവുമായി വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യപ്പെട്ട കേസിൽ ലോകായുക്ത വിധി വിചിത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത തകർക്കുന്ന വിധിയാണിതെന്നും അദ്ദേഹം അറിയിച്ചു.
വാദം കഴിഞ്ഞ് വിധി പ്രഖ്യാപിക്കാൻ ഒരു കൊല്ലം കാത്തിരുന്നത് എന്തിനായിരുന്നു. ഈ വിധി വിമർശനത്തിന് വിധേയമാകും. ഒന്നുകിൽ പിണറായി വിജയന്റെ മുഖ്യമന്ത്രി കാലാവധി തീരുന്നവരെ അല്ലെങ്കിൽ ലോകായുക്ത നിയമ ഭേദഗതി ഗവർണർ ഒപ്പുവയ്ക്കുന്നവരെ വാദം നീട്ടി കൊണ്ട് പോകാനായിരിക്കും ശ്രമമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഗവർണറുമായി ധാരണ ഉണ്ടാക്കിയാൽ ആ വിഷയത്തിലെ നിലവിലെ സാഹചര്യവും മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

