കോട്ടയം: രാജ്യത്തിന്റെ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുല്യത നിഷേധിച്ചാൽ രാഷ്ട്രീയ ജനാധിപത്യം തകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരത്തിൽ ഇരിക്കുന്നവർ ജനാധിപത്യത്തെ തകർക്കുകയാണ്. രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട ദിവസം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണ്. സർക്കാർ നടത്തിയ ഉപജാപങ്ങൾ കേസിന്റെ നാൾ വഴി പരിശോധിച്ചാൽ മനസിലാകും. രാഹുലിനെ കോടതി ശിക്ഷിച്ച ദിവസം മോദി ലോക്സഭ സ്പീക്കറെ കണ്ടിരുന്നു. പിന്നാലെ മിന്നൽ വേഗത്തിലാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം വിമർശിച്ചു.
രാഹുലിനെതിരെ കേസ് നൽകിയത് പിന്നാക്ക വിഭാഗക്കാരൻ അല്ലാത്ത വ്യക്തിയാണ്. ലളിത് മോദിയും, മെഹുൽ ചോക്‌സിയും, നീരവ് മോദിയും ഒബിസിക്കാരല്ല. എന്നിട്ടും പിന്നാക്കക്കാർക്കെതിരെ രാഹുൽ പ്രസംഗിച്ചു എന്ന് പ്രചരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നു. യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

