വീണ്ടും കുരുക്ക്; ‘മോദി’ പരാമര്‍ശത്തില്‍ പാറ്റ്‌ന കോടതിയിലും ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

ന്യൂഡല്‍ഹി: മോദി വിരുദ്ധ പരാമര്‍ശത്തില്‍ സൂററ്റിലേത് പോലെ പാറ്റ്‌ന കോടതിയിലും ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. ബി ജെ പി നേതാവ് സുശീല്‍ മോദി നല്‍കിയ പരാതിയിലാണ് നടപടി. ഏപ്രില്‍ 12 ന് ഹാജരായി മൊഴി നല്‍കാനാണ് നിര്‍ദ്ദേശം.

അതേസമയം, അപകീര്‍ത്തി കേസില്‍ ഏപ്രില്‍ 5ന് നടത്തുന്ന കോലാര്‍ സന്ദര്‍ശനത്തിന് മുന്‍പായി രാഹുല്‍ ഗാന്ധി അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് എഐസിസി വൃത്തങ്ങള്‍ അറിയിച്ചു. വയനാട് സന്ദര്‍ശിക്കാനും ആലോചനയുണ്ട്. നേരിട്ടെത്തി ജനങ്ങളോട് സംസാരിക്കാന്‍ രാഹുലിന് താല്‍പര്യമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

അതിനിടെ, ഭാരത് ജോഡോ യാത്രക്കിടെ പീഡനത്തിനിരയായ നിരവധി പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നെന്ന പരാമര്‍ശത്തില്‍ വിശദാംശങ്ങള്‍ തേടി ഡല്‍ഹി പോലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. പത്ത് ദിവസത്തെ സാവകാശമായിരുന്നു രാഹുല്‍ തേടിയത്.