ന്യൂഡൽഹി: വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പില്ല. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതോടെ ഒഴിവുവന്ന വയനാട് ലോക്സഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. എന്നാൽ, കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിച്ചു. ജലന്ധർ ലോക്സഭാ സീറ്റിലേക്കും നാല് നിയമസഭാ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
കർണാടകയിൽ മെയ് 10 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. മെയ് 13 നാണ് വോട്ടെണ്ണൽ. ഉപതെരഞ്ഞെടുപ്പും മെയ് 10 നാണ് നടക്കുക. 80 വയസ്സ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കർണാടകയിൽ 5,21,73,579 വോട്ടർമാരാണുള്ളത്. പുതിയ വോട്ടർമാരെയും മറ്റ് പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെയും തെരഞ്ഞെടപ്പിന്റെ ഭാഗമാക്കാൻ പ്രത്യേക ശ്രമം നടത്തിയെന്നും തെരഞ്ഞടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 9, 17,241 പുതിയ വോട്ടർമാർ ഇത്തവണ വോട്ട് ചെയ്യും. 41, 312 ട്രാൻസ്‌ജെൻഡർ വോട്ടർമാരുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, ഒരു സീറ്റിൽ ഒഴിവ് വന്നാൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ ആറ് മാസത്തെ സമയമുണ്ട്. വയനാട് എംപിക്ക് ജുഡീഷ്യൽ പരിഹാരത്തിനായി 30 ദിവസത്തെ സമയം വിചാരണക്കോടതി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ചൂണ്ടിക്കാട്ടി.

