കൊച്ചി: പ്രായപൂർത്തിയാകുന്നതിന് മുൻപ് ആൺകുട്ടികളിൽ ചേലാകർമം നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി. യുക്തിവാദി സംഘടന സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
കോടതി നിയമനിർമാണ സമിതിയല്ലെന്ന് അറിയിച്ചുകൊണ്ടാണ് ഹർജി തള്ളിയത്. പത്രവാർത്തകൾ മാത്രം ആധാരമാക്കിയുള്ള ഹർജി നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൃത്യമായ ആധാരങ്ങളോടെ പരാതിക്കാർക്ക് തങ്ങളുടെ വാദങ്ങൾ തെളിയിക്കാനായില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അടങ്ങിയ ഡിവിഷൻ ബഞ്ച് നിരീക്ഷണം നടത്തി. തുടർന്നാണ് ഹർജി തള്ളിയത്. ഹർജിയിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
18 വയസെത്തുന്നതിന് മുൻപ് ആൺകുട്ടികളിൽ ചേലാകർമം നടത്തുന്നത് കുട്ടികളുടെ മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നോൺ റിലിജിയൻസ് സിറ്റിസൺസ് എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചത്. ലൈംഗികത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇത് ബാധിക്കപ്പെടുമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ലൈംഗികശേഷിയെ ബാധിക്കുമെന്ന സമർത്ഥിക്കുന്ന പഠനങ്ങളും കോടതിയിൽ ഹർജിക്കാർ സമർപ്പിച്ചിരുന്നു.

