ടിബറ്റൻ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് എട്ടുവയസുകാരൻ; നാമകരണം ചെയ്ത് ദലൈലാമ

ന്യൂഡൽഹി: ടിബറ്റൻ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതൃസ്ഥാനത്തേക്ക് അമേരിക്കയിൽ ജനിച്ച മംഗോളിയൻ വംശജനായ എട്ട് വയസ്സുകാരൻ ബാലനെ തിരഞ്ഞെടുത്തു. ആത്മീയ നേതാവ് ദലൈ ലാമയാണ് എട്ടുവയസുകാരനെ പത്താമത്തെ ‘ഖൽക ജെറ്റ്‌സുൻ ധാംപ റിൻപോച്ചെ’യായി നാമകരണം ചെയ്തത്.

പത്താമത്തെ ഖൽഖ ജെറ്റ്‌സൺ ദമ്പ റിൻപോച്ചെയുടെ പുനർജന്മമായിട്ടാണ് ബാലനെ അദ്ദേഹം വിശേഷിപ്പിച്ചത്. ദലൈലാമയ്ക്കും പഞ്ചൻ ലാമയ്ക്കും ശേഷം ബുദ്ധമതത്തിലെ മൂന്നാമത്തെ ഉയർന്ന മതനേതാവാകും എട്ടുവയസുകാരനായ ഈ ബാലൻ. ചടങ്ങിന് 600 ഓളം മംഗോളിയക്കാർ സാക്ഷ്യം വഹിച്ചു.

സർവകലാശാല അദ്ധ്യാപകനാണ് പുതിയ റിൻപോച്ചെയുടെ പിതാവ്. മുൻ മംഗോളിയൻ പാർലമെന്റംഗമാണ് കുട്ടിയുടെ മുത്തച്ഛൻ. കുട്ടിക്ക് ഒരു ഇരട്ട സഹോദരനുമുണ്ട്. ദലൈ ലാമ ഇപ്പോൾ വസിക്കുന്ന ഹിമാചൽപ്രദേശിലെ ധരംശാലയിൽ വച്ചാണ് ചടങ്ങ് നടന്നത്. ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. അതേസമയം, ലാമയെ തിരഞ്ഞെടുക്കാനുള്ള അധികാരം ചൈനീസ് ഭരണകൂടത്തിൽ നിക്ഷിപ്തമാണെന്നാണ് ചൈനയുടെ വാദം. പുതിയ ലാമയുടെ തിരഞ്ഞെടുപ്പ് ചൈനയുടെ അതൃപ്തിക്കിടയാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.