രാഹുല്‍ ഗാന്ധി ചെയ്യുന്നതെല്ലാം ബാലിശം; സവര്‍ക്കര്‍ മാപ്പ് പറഞ്ഞതിന് തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും രഞ്ജിത് സവര്‍ക്കര്‍

മുംബൈ: വി.ഡി സവര്‍ക്കര്‍ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് പറഞ്ഞതിന് തെളിവ് ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍ രംഗത്ത്. രാഹുല്‍ ചെയ്യുന്നതെതെല്ലാം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.

‘സവര്‍ക്കര്‍ അല്ലാത്തതിനാല്‍ താന്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. എന്നാല്‍ സവര്‍ക്കര്‍ മാപ്പ് പറഞ്ഞതായി തെളിയിക്കുന്ന രേഖകള്‍ കാണിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു. നേരെമറിച്ച്, രാഹുല്‍ ഗാന്ധി രണ്ട് തവണ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞു. രാഹുല്‍ ഗാന്ധി ചെയ്യുന്നതെല്ലാം ബാലിശമാണ്. രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ദേശസ്‌നേഹികളുടെ പേരുകള്‍ ഉപയോഗിക്കുന്നത് അപലപനീയമാണ്’- രഞ്ജിത് സവര്‍ക്കര്‍ വ്യക്തമാക്കി.

പാര്‍ലമെന്റില്‍നിന്നും അയോഗ്യനാക്കിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ‘എന്റെ പേര് സവര്‍ക്കറല്ല, എന്റെ പേര് ഗാന്ധി എന്നാണ്. ഞാന്‍ ആരോടും മാപ്പ് പറയില്ല.’ എന്ന് രാഹുല്‍ പറഞ്ഞിരുന്നു. ആദ്യമായല്ല രാഹുല്‍ ഗാന്ധി സവര്‍ക്കറിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ വി ഡി സവര്‍ക്കര്‍ ദയാഹര്‍ജികള്‍ എഴുതാറുണ്ടെന്നും ബ്രിട്ടീഷ് രാജില്‍ നിന്ന് പെന്‍ഷന്‍ സ്വീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ പറഞ്ഞിരുന്നു. അതേസമയം, ശിവസേന മുഖപത്രം ‘സാമ്നയും’ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. സവര്‍ക്കറെ അപമാനിച്ചുകൊണ്ട് സത്യത്തിനുവേണ്ടിയുള്ള യുദ്ധത്തില്‍ രാഹുലിന് വിജയിക്കാനാവില്ല. എന്ന് സാമ്ന എഡിറ്റോറിയലില്‍ പറയുന്നു.