ഒരു ദുരന്തത്തിൽ നിന്ന് ഇന്ത്യൻ ഭരണഘടനയെ രക്ഷിക്കണം; രാഷ്ട്രപതിയോട് അഭ്യർത്ഥനയുമായി മമത ബാനർജി

കൊൽക്കത്ത: ഒരു ദുരന്തത്തിൽ നിന്ന് ഇന്ത്യൻ ഭരണഘടനയെ രക്ഷിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് അഭ്യർഥിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഈ രാജ്യത്തിന്റെ ഭരണഘടനയുടെ തലപ്പത്തുള്ള താങ്കൾ ഭരണഘടനയേയും പാവപ്പെട്ടവരുടെ ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കണം എന്നാണ് തനിക്ക് അഭ്യർഥിക്കാനുള്ളതെന്ന് മമത ബാനർജി വ്യക്തമാക്കി. പശ്ചിമ ബംഗാളിൽ ദ്വിദിന സന്ദർശനത്തിനെത്തിയതായിരുന്നു രാഷ്ട്രപതി.

രാഷ്ട്രപതിയെ സ്വീകരിക്കാൻ കൊൽക്കത്തയിൽ ചേർന്ന ചടങ്ങിലായിരുന്നു മമത ഭരണഘടനയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അഭ്യർത്ഥന നടത്തിയത്. ചടങ്ങിൽ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. രാഷ്ട്രപതിയെ ഗോൾഡൻ ലേഡി എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് മമത പ്രസംഗം ആരംഭിച്ചത്. കാലങ്ങളായി വിവിധ വിഭാഗത്തിൽപ്പെട്ടവർ ഐക്യത്തോടെ കഴിയുന്നതിന്റെ പാരമ്പര്യം രാജ്യത്തിനുണ്ട്. വലിയ നവീകരണപ്രസ്ഥാനങ്ങളുടെ ആരംഭം ബംഗാളിൽ നിന്നായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഉത്ഭവവും സംസ്ഥാനത്തായിരുന്നുവെന്നും മമത അഭിപ്രായപ്പെട്ടു.

അതേസമയം, സംസ്ഥാനം സന്ദർശിക്കാനെത്തിയ രാഷ്ട്രപതിക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.