ഐഎസ്എല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ സ്പോര്‍ട്സ് ഉപേക്ഷിക്കുന്നു

ഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സംപ്രേക്ഷണാവകാശം ഉപേക്ഷിക്കാനൊരുങ്ങി സ്റ്റാര്‍ സ്പോര്‍ട്സ്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 ആയിരിക്കും വരും സീസണില്‍(2024-25) മത്സരം സംപ്രേക്ഷണം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ പ്രകാരം അടുത്ത സീസണ്‍ കൂടി സ്റ്റാര്‍സ്പോര്‍ട്സിന് സംപ്രേക്ഷണാവകാശമുണ്ട്.

ഐ.എസ്.എല്‍ തുടങ്ങിയത് മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് ആയിരുന്നു മത്സരം സംപ്രേക്ഷണം ചെയ്തിരുന്നത്. എങ്കിലും ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റുമായി (എഫ്.എസ്.ഡി.എല്‍) വയാകോമിന് കരാറുണ്ടായിരുന്നു. റിയലന്‍സിന് കീഴിലുള്ളതാണ് എഫ്.എസ്.ഡി.എല്‍. 2010ലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് തുടക്കം കുറിക്കുന്നത്. ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ഇന്ത്യന്‍ ഫുട്ബോളിലേക്ക് കടന്നതിന് പിന്നാലെയാണ് ഐ.എസ്.എല്‍ പിറവിയെടുക്കുന്നത്.

ഐ.എസ്.എല്‍ വയാകോമിന്റെ ഉത്പന്നമാണെന്നാണ് വയാകോം 18 ഉദ്യോഗസ്ഥന്‍ അഭിമാനത്തോടെ പറയുന്നത്. ഇപ്പോള്‍ എഫ്എസ്ഡിഎല്ലിന് 66% വിഹിതമുണ്ട്. തുടക്കത്തില്‍, എഫ്എസ്ഡിഎല്‍ 33%, ഐ.എം.ജി 33%, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 34% എന്നിങ്ങനെയായിരുന്നു. അതേസമയം ഐ.എസ്.എല്ലിലൂടെ സ്റ്റാര്‍സ്പോര്‍ട്സിന് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് സീസണുകളിലും കാഴ്ചക്കാരുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചു. അതിനാല്‍ തന്നെ പുതിയ കരാറിന് സ്റ്റാര്‍സ്പോര്‍ട്സ് സ്വന്തമായി ശ്രമിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിലാണ് സ്റ്റാര്‍സ്‌പോര്‍ട്‌സ് ശ്രദ്ധകൊടുക്കുന്നത്.