കോവിഡ് കൂടുന്നു; നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 26.4 ശതമാനം കോവിഡ് രോഗികളും നിലവില്‍ കേരളത്തിലാണ്. ശനിയാഴ്ച ഇന്ത്യയില്‍ 1500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്. ഈ സാഹചര്യത്തില്‍ പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം.

നിര്‍ദ്ദേശങ്ങള്‍ അറിയാം…

പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും ആള്‍ക്കൂട്ടമുള്ള ഇടങ്ങളും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും ഒഴിവാക്കുക.

ആശുപത്രി പരിസരങ്ങളില്‍ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് ആരോഗ്യപ്രവര്‍ത്തകരും രോഗികളും മാസ്‌ക് ധരിക്കുക.

ആള്‍ക്കൂട്ടമുള്ള ഇടങ്ങളിലും അടഞ്ഞുകിടക്കുന്ന ഇടങ്ങളിലും മാസ്‌ക് ധരിക്കുക.

തുമ്മുമ്‌ബോഴും ചുമയ്ക്കുമ്‌ബോഴും കര്‍ചീഫ് കൊണ്ടോ മറ്റോ മൂക്കും വായും മറയ്ക്കുക.

പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കുക.

ഇടയ്ക്കിടെ കൈകള്‍ കഴുകുക.

കോവിഡ് ടെസ്റ്റുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുക, ലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യമായി പരിശോധിക്കുക.

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ അടുത്തിടപഴകിയുള്ള സമ്ബര്‍ക്കം കുറയ്ക്കുക.

അതേസമയം, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക്‌സിജന്‍ മുതലായ അവശ്യവസ്തുക്കളെല്ലാം എല്ലാ ആശുപത്രികളും കരുതണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധനയുടെ വേഗംകൂട്ടണം. പത്തുലക്ഷം പേര്‍ക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പല സംസ്ഥാനങ്ങളിലും മതിയായ തോതില്‍ ടെസ്റ്റുകള്‍ നടക്കുന്നില്ല. അടുത്തിടെയായി ഇന്‍ഫ്‌ളുവന്‍സ കേസുകളിലും വര്‍ധനവ് കാണുന്നുണ്ട്, കോവിഡ് ലക്ഷണങ്ങളിലെ സമാനത കാരണം ഡോക്ടര്‍മാരെ രോഗനിര്‍ണയത്തിലെത്തുന്നതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.