ന്യൂഡൽഹി: ഇന്ത്യയുടെ പുരോഗതിയിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക് ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. 99-ാമത് മൻ കീ ബാത്ത് പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ പുരോഗതിയിൽ വനിതകൾ നിർണായക പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സ്ത്രീകൾ കരസ്ഥമാക്കിയ നേട്ടങ്ങളെയും അദ്ദേഹം ഉയർത്തിക്കാട്ടി.
ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിക്ക് ഓസ്‌കാർ പുരസ്‌കാരം നേടി നിർമ്മാതാവ് ഗുണീത് മോംഗയും സംവിധായിക കാർത്തികി ഗോൺസാൽവസും രാജ്യത്തിന് പ്രശംസ നേടിക്കൊടുത്തു. ഈ വർഷം ആദ്യം ഇന്ത്യയുടെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടീം ടി-20 ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു. 75 വർഷത്തിനിടെ നാഗാലാൻഡിൽ ആദ്യമായാണ് രണ്ട് വനിതാ നിയമസഭാംഗങ്ങൾ വിധാൻസഭയിലെത്തുന്നത്. യുഎൻ മിഷന്റെ കീഴിലുള്ള സമാധാന പരിപാലനത്തിൽ മുഴുവൻ സ്ത്രീകളുമുള്ള പ്ലാറ്റൂണിനെയും ഇന്ത്യ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പുതിയ വീക്ഷണകോണിൽ നിന്നാണ് ഇന്ത്യയുടെ സാധ്യതകൾ ഉയർന്നുവരുന്നത്, അതിൽ നമ്മുടെ സ്ത്രീ ശക്തി വളരെ വലിയ പങ്ക് വഹിക്കുന്നു. സ്ത്രീകൾ എല്ലാ മേഖലകളിലും കരുത്ത് പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

