കോഴിക്കോട്: ജനങ്ങളെ ഉപദ്രവിക്കുന്ന ആനകളെ പിടിക്കരുതെന്ന് പറയുന്നത് അപ്രായോഗികമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
‘മയക്കുവെടി വയ്ക്കാതെ ആനയെ പിടികൂടാന്‍ കഴിയില്ല. മയക്കുവെടി വയ്‌ക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. മൃഗസ്‌നേഹികള്‍ കോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്നും അത് അവരുടെ അവകാശമാണ്. എന്നാല്‍, തീവ്ര നിലപാടാണ് മൃഗസ്‌നേഹികളുടേത്. ഒരു ചര്‍ച്ചയിലൂടെ ഇത് മാറ്റാന്‍ കഴിയില്ല. കോടതിവിധിക്ക് അനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കും’- മന്ത്രി വ്യക്തമാക്കി.
അതേസമയം, ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തുന്ന അരിക്കൊമ്പന്‍ ദൗത്യമേഖലയ്ക്ക് അരികെയെന്ന് മയക്കുവെടി വിദഗ്ധന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയ ചൂണ്ടിക്കാട്ടി. കൊമ്പന്‍ തിരികെ പെരിയ കനാലിലേക്കു പോകുന്നത് കുങ്കിയാനകളെ വച്ച് തടയും. കോടതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ മയക്കുവെടി വയ്ക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിക്കുന്നത് 29 വരെ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയെങ്കിലും വനംവകുപ്പ് തയാറെടുപ്പു തുടരുകയാണ്. മുത്തങ്ങ ആനപ്പന്തിയില്‍ നിന്നുള്ള കുഞ്ചു, കോന്നി സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളും ഇന്നലെ ചിന്നക്കനാലില്‍ എത്തി. സൂര്യന്‍, വിക്രം എന്നീ കുങ്കിയാനകളെ നേരത്തെ എത്തിച്ചിരുന്നു.

