തൃശൂർ: സംസ്ഥാനത്തെ പോലീസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആളുകളെ തല്ലാൻ പോലീസിന് ആരാണ് അധികാരം നൽകിയതെന്ന് അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പോലീസ് കുഴപ്പം പിടിച്ചവരായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. തൃപ്പുണിത്തുറ കസ്റ്റഡി മരണത്തിൽ സിഐ ഉൾപ്പെടെ ഉള്ളവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിഐ അവിടെ നടത്തുന്നത് ക്രൂരമായ മർദനമാണ്. പൊലീസ് സ്റ്റേഷനെതിരെ വ്യാപക പരാതി ഉണ്ട്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസ് സമരം നടത്തുമെന്നാണ് പ്രതിപക്ഷ നേതാവ് നൽകുന്ന മുന്നറിയിപ്പ്്.
ജില്ലാ പോലീസ് മേധാവി വിചാരിച്ചാൽ പോലും സി ഐയെ മാറ്റാൻ പറ്റില്ല. പാർട്ടി ഏരിയ കമ്മിറ്റി ആണ് ഇവരെ നിയമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസ് കൈ കാണിച്ചപ്പോൾ നിർത്തിയില്ലെന്ന് ആരോപിച്ച് തൃപ്പൂണിത്തുറ പോലീസ് പിന്തുടർന്ന് പിടികൂടിയ ഇരമ്പനം സ്വദേശി മനോഹരനാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ മരിച്ചത്. മനോഹരനെ പിടികൂടിയ ഉടൻ പോലീസ് ഇയാളെ മർദ്ദിച്ചിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ ആരോപിച്ചത്.

