പ്രഗതി മൈതാനിയിൽ സ്ഥാപിച്ചിട്ടുള്ള ഇന്ത്യൻ പതാക അഴിച്ചുമാറ്റി പകരം ഖലിസ്ഥാൻ പതാക കെട്ടുമെന്ന് ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡൽഹി: ഡൽഹിയിലെ പ്രഗതി മൈതാനിയിൽ സ്ഥാപിച്ചിട്ടുള്ള ഇന്ത്യൻ പതാക അഴിച്ചുമാറ്റി പകരം ഖലിസ്ഥാൻ പതാക കെട്ടുമെന്ന് ഭീഷണി. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രഗതി മൈതാനിയിലേയും നഗരത്തിലെ മറ്റു പ്രധാനയിടങ്ങളിലേയും സുരക്ഷ അധികൃതർ വർദ്ധിപ്പിക്കുകയും ചെയ്തു.

സെപ്തംബർ മാസം നടക്കുന്ന ജി20 ഉച്ച കോടിയുടെ പ്രധാന വേദിയാണ് പ്രഗതി മൈതാൻ. ഇവിടെ സ്ഥാപിച്ചിരിക്കുന്ന പതാക അഴിച്ചുമാറ്റുമെന്നാണ് ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണി. ശബ്ദ സന്ദേശത്തിലൂടെയാണ് ഭീഷണി ലഭിച്ചത്. ശബ്ദസന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

അമൃത്പാൽ സിങ്ങിന്റെ അനുയായികൾ പ്രഗതി മൈതാൻ കൈയടക്കി ഇന്ത്യൻ പതാകയെ അഴിച്ച് മാറ്റുമെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും ഈ ശബ്ദസന്ദേശത്തിൽ ആക്ഷേപിക്കുന്നുണ്ട്.