വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം; സര്‍ക്കാരിനു 10 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനു പത്തുകോടി രൂപ പിഴ വിധിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം തടയുന്നതില്‍ നടപടിയെടുക്കാത്തതിനാണ് പിഴ ഈടാക്കിയിരിക്കുന്നത്. തുക ഒരുമാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറിയുടെ അക്കൗണ്ടില്‍ ഉറപ്പുവരുത്തുകയും ശുചീകരണത്തിനുള്ള കര്‍മപദ്ധതി തയ്യാറാക്കണമെന്നും സര്‍ക്കാരിന് നിര്‍ദ്ദേശമുണ്ട്. ആറുമാസത്തിനുള്ളില്‍ കര്‍മപദ്ധതി നടപ്പാക്കുകയും അതിനുള്ളില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് പിഴത്തുക ഈടാക്കണമെന്നും നിര്‍ദേശിച്ചു.

റാംസര്‍ പ്രദേശം (തണ്ണീര്‍ത്തടങ്ങള്‍) കൂടിയായ രണ്ടു കായലുകള്‍ക്കും ചുറ്റുമുള്ള സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും മാലിന്യ സംസ്‌കരണത്തിനു നടപടിയെടുക്കുന്നതില്‍ വീഴ്ചവരുത്തിയതായി ട്രിബ്യൂണല്‍ വിലയിരുത്തി. 100 മില്ലിലിറ്റര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ എണ്ണം അഞ്ഞൂറില്‍ താഴെയായിരിക്കണം. എന്നാല്‍, ഇരുകായലുകളിലെയും വെള്ളം പരിശോധിച്ചപ്പോള്‍ 100 മില്ലിലിറ്ററില്‍ രണ്ടായിരത്തി അഞ്ഞൂറിലധികമാണ് ഇതിന്റെ എണ്ണമെന്നു കണ്ടെത്തി.

അതേസമയം, 2022 ഫെബ്രുവരി 28-ന് കായല്‍മലിനീകരണത്തിനെതിരേയുള്ള കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബോധവത്കരണം നടത്തിയെന്നും മാലിന്യനിയന്ത്രണ സംവിധാനമൊരുക്കാത്തതിന് ഹൗസ് ബോട്ടുകള്‍, ഫ്‌ലാറ്റുകള്‍, ഹോട്ടലുകള്‍, വ്യവസായസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 1,176 നോട്ടീസ് നല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചെങ്കിലും ട്രിബ്യൂണലിനു തൃപ്തികരമായില്ല. പരിസ്ഥിതി പ്രവര്‍ത്തകനായ കെ.വി. കൃഷ്ണദാസ് സര്‍ക്കാരിനെതിരേ നല്‍കിയ കേസില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആദര്‍ശ്കുമാര്‍ ഗോയല്‍, ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍, വിഷയവിദഗ്ധന്‍ ഡോ. എ. സെന്തില്‍വേല്‍ എന്നിവരുള്‍പ്പെട്ട ഹരിത ട്രിബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചാണ് വിധി പറഞ്ഞത്.