3,200 കോടി ഡോളറിന്റെ കയറ്റുമതി: യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി സർവ്വകാല നേട്ടത്തിലേക്ക്

ദുബായ്: യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി സർവ്വകാല നേട്ടത്തിലേക്ക്. 3,200 കോടി ഡോളറിലേക്ക് എത്തിയിരിക്കുകയാണ് യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി. ഇരു രാജ്യങ്ങളും തമ്മിൽ സമഗ്ര സാമ്പത്തിക സഹകരണ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കയറ്റുമതിയിൽ വൻ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതിയായിരിക്കും 2022-23 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഇന്ത്യയും യുഎഇയും തമ്മിൽ നടക്കുകയെന്നാണ് വിലയിരുത്തൽ. മലയാളികൾ അടക്കമുള്ള വ്യവസായികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും സെപ കരാർ ഏറെ പ്രയോജനപ്രദമായെന്നാണ് ഈ കണക്കുകൾ വ്യ്ക്തമാക്കുന്നത്.

28.04 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് നടന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ 14 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. എണ്ണയിതര വ്യാപാര മേഖലയിൽ 10,000 കോടി ഡോളറിന്റെ വ്യാപാരം ലക്ഷ്യമിട്ടാണ് ഇന്ത്യയും യുഎഇയും തമ്മിൽ സെപ കരാർ ഒപ്പിട്ടത്. കരാറിന് പിന്നാലെ കാർഷികോത്പന്നങ്ങൾ, ഇലക്ട്രോണിക്‌സ് ഉൾപ്പെടെയുള്ളവയുടെ കയറ്റുമതി ഇന്ത്യയിൽ നിന്ന് കുതിച്ചുയർന്നിരുന്നു.