മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ലോക്‌സഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ടതിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ, മാപ്പ് പറയുമോ എന്ന ചോദ്യത്തിന് തന്റെ പേര് സവർക്കർ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഈ പരാമർശത്തിനെതിരെയാണ് ഷിൻഡെ രംഗത്തെത്തിയത്. സവർക്കർ മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ആരാധനാമൂർത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധി പറഞ്ഞത് മാപ്പ് പറയാൻ താൻ സവർക്കർ അല്ല എന്നാണ്. സവർക്കറെക്കുറിച്ച് എന്താണ് അദ്ദേഹം വിചാരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി സവർക്കറെ അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം ശിക്ഷിക്കപ്പെടണമെന്നും രാഹുൽ ഗാന്ധി ഇത്തരത്തിൽ തുടർന്നു കൊണ്ടിരുന്നാൽ അദ്ദേഹത്തിന് റോഡിലിറങ്ങി നടക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ഷിൻഡെ വ്യക്തമാക്കി. കോൺഗ്രസ് ഉണ്ടാക്കിയ നിയമം മൂലമാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയിരിക്കുന്നത്. ലാലു പ്രസാദ് യാദവ് അടക്കമുള്ളവരെ നേരത്തെ അയോഗ്യരാക്കിയിട്ടുണ്ട്. എന്നാൽ ഇതേപോലെ ഒന്നും ഉണ്ടായിരുന്നില്ല. അപ്പോഴൊന്നും ജനാധിപത്യം അപകടത്തിൽ ആയിരുന്നിെേല്ലന്ന് അദ്ദേഹം ചോദിച്ചു.
രാഹുൽ ഗാന്ധി ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുക മാത്രമല്ലെന്നും ഒബിസി വിഭാഗത്തെ ഒന്നടങ്കം അധിക്ഷേപിക്കുകയാണ് ചെയ്തത്. ഇത് അദ്ദേഹം തുടർന്നു കൊണ്ടേയിരിക്കുകയാണെന്നും ഷിൻഡെ വിമർശിച്ചു.

