കൊച്ചിയിൽ ലഹരി മരുന്നിന്റെ വൻശേഖരം നശിപ്പിച്ചു; നടപടി ക്രമങ്ങൾ നിരീക്ഷിച്ച് അമിത് ഷാ

കൊച്ചി: കൊച്ചിയിൽ ലഹരി മരുന്നിന്റെ വൻശേഖരം നശിപ്പിച്ചു. രണ്ട് വർഷം മുൻപ് കൊച്ചി തീരത്ത് പിടികൂടിയ 340 കിലോയോളം ഹെറോയിനും മൂന്നര കിലോ ഹാഷിഷ് ഓയിലും ഉൾപ്പെടെയുള്ള ലഹരി മരുന്നുകളാണ് നശിപ്പിച്ചത്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു നശീകരണ പ്രവർത്തനങ്ങൾ. കൊച്ചി അമ്പലമേടിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ (കെ.ഇ.ഐ.എൽ.) ബയോ മെഡിക്കൽ മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് നശീകരണം നടന്നത്.

ഇതിന്റെ നടപടിക്രമങ്ങൾ രണ്ട് മണിക്കൂറിലധികം നേരം നീണ്ടു. 500 കോടി രൂപയോളം വരുന്ന മയക്കു മരുന്നാണ് കൊച്ചിയിൽ നശിപ്പിക്കപ്പെട്ടത്. തേസമയം, ബംഗളൂരുവിലിരുന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിന്റെ നടപടികൾ തത്സമയം വീക്ഷിച്ചു. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ (എൻ.സി.ബി.) ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഹൈ ലെവൽ മോണിറ്ററിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു ലഹരി മരുന്ന് നശിപ്പിച്ചത്. എൻ.സി.ബി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മോണിക്ക ആശിശ് ബത്ര, ഡി.ആർ.ഐ. ഡെപ്യൂട്ടി ഡയറക്ടർ ബാലസുബ്രഹ്മണ്യൻ ആർ. മേനോൻ, എൻ.സി.ബി. ജമ്മു മേഖലാ ഡയറക്ടർ രാജേഷ് കുമാർ, കസ്റ്റംസ് അസി. കമ്മിഷണർ വിജയൻ പിള്ള തുടങ്ങിയവരും കൊച്ചിയിലുണ്ടായിരുന്നു.

കൊച്ചിയിലെ ഗോഡൗണിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടുന്ന ലഹരി വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നത്. കോടതിയിലെ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും വാങ്ങിയ ശേഷമാണ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ലഹരിമരുന്ന് നശീകരണ പ്രവർത്തനം നടത്തിയത്.