ഏപ്രില്‍ ഒന്നുമുതല്‍ രജിസ്‌ട്രേഷന് ഇ- സ്റ്റാമ്പിംഗ് സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ തിരഞ്ഞെടുത്ത ഓരോ സബ് രജിസ്ട്രാര്‍ ഓഫീസ് ഏപ്രില്‍ ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇ സ്റ്റാമ്പിംഗ് സംവിധാനത്തിലേക്ക് മാറാനൊരുങ്ങുന്നു. മേയ് രണ്ടു മുതല്‍ സംസ്ഥാന വ്യാപകമായി ഇ സ്റ്റാമ്പിംഗ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.

ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങള്‍ക്ക് കൂടി ഏപ്രില്‍ ഒന്നുമുതല്‍ ഇ സ്റ്റാമ്പിംഗ് നിര്‍ബന്ധമാക്കും. മുദ്രപ്പത്രങ്ങളുടെ വില്‍പന അംഗീകൃത സ്റ്റാമ്പ് വെണ്ടര്‍മാരിലൂടെ തന്നെ തുടരും. സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാമ്പ് വെണ്ടര്‍മാരുടെ കൈവശവും സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പന ഏപ്രില്‍ ഒന്നുമുതല്‍ ആറുമാസംവരെ തുടരാനും അനുവദിക്കും.

ഇ-സ്റ്റാമ്പിംഗ് ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്തേണ്ടത് എങ്ങനെയെന്ന് നോക്കാം…

രജിസ്ട്രേഷന്‍ വകുപ്പിന്റെ PEARL ആപ്ലിക്കേഷന്‍ ഉപയോഗിച്ച് https://pearl.registration.kerala.gov.in ല്‍ ലോഗിന്‍ ചെയ്തശേഷം രജിസ്ട്രേഷന്‍ നടത്തേണ്ട സബ് രജിസ്ട്രാര്‍ ഓഫീസ് കണ്ടെത്തി രജിസ്റ്റര്‍ ചെയ്യേണ്ട തീയതിക്കുള്ള ടോക്കണ്‍ എടുക്കണം.

പേള്‍ ആപ്ലിക്കേഷനില്‍ നിന്നും ആധാരവിലയുടെ അടിസ്ഥാനത്തിലുള്ള മുദ്രവിലയ്ക്ക് അനുസരിച്ചുളള യുണീക്ക് ട്രാന്‍സാക്ഷന്‍ ഐഡി, ഇ സ്റ്റാമ്പ് റഫറന്‍സ് നമ്പര്‍ എന്നിവയുളള പേ സ്‌ളിപ്പ് ലഭിക്കും. ഈ സ്‌ളിപ്പുമായി ലൈസന്‍സുളള സ്റ്റാമ്പ് വെണ്ടറെ സമീപിച്ചാല്‍ ട്രഷറിയില്‍ നിന്നും സ്റ്റാമ്പ് വെണ്ടര്‍ക്ക് ലഭിക്കുന്ന രജിസ്റ്റേര്‍ഡ് ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് ഇ സ്റ്റാമ്പ് നല്‍കും.

വെണ്ടര്‍മാര്‍ ചെയ്യേണ്ടത്:

വെണ്ടര്‍മാര്‍ https://estamp.kerala.gov.in ല്‍ ലോഗിന്‍ ചെയ്തശേഷം ഡിപ്പാര്‍ട്ട്‌മെന്റ് ഇ സ്റ്റാമ്പ് ഓപ്ഷന്‍ സെലക്ട് ചെയ്ത ശേഷം ആധാരം രജിസ്റ്റര്‍ ചെയ്യേണ്ട വ്യക്തി നല്‍കുന്ന പേസ്‌ളിപ്പിലെ വിവരങ്ങള്‍ എന്റര്‍ ചെയ്യണം. അത് സ്വീകരിക്കപ്പെട്ടാല്‍ മുദ്രവില സ്വീകരിച്ച് ഇ സ്റ്റാമ്പ് പോര്‍ട്ടലിലെ ഇ ട്രഷറി പേയ്മെന്റ് മോഡ് വഴി സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് നെറ്റ്ബാങ്കിംഗ് വഴി അടയ്ക്കണം.അത് പൂര്‍ത്തിയായാല്‍ ഇ സ്റ്റാമ്പ് ജനറേറ്റ് ചെയ്യും.ഇത് 100 ജി.എസ്.എം പേപ്പറില്‍ ഇ-സ്റ്റാമ്പിന്റെ കളര്‍പ്രിന്റ് എടുത്ത് നല്‍കണം.