ഇന്ത്യൻ ജനാധിപത്യം അധപതിക്കുന്നു; രാഹുലിന്‍റെ അയോഗ്യതയിൽ പ്രതികരണവുമായി നേതാക്കൾ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ പ്രതികരണവുമായി നേതാക്കൾ. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചും രാഹുലിനെ പിന്തുണച്ചും രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യൻ ജനാധിപത്യം അധപതിക്കുന്നു. മോദിയുടെ പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുന്നുവെന്നും ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കുന്നുവെന്നും മമത ബാനർജി കുറ്റപ്പെടുത്തി.

ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പാർട്ടി വക്താവ് ജയറാം രമേശ് അറിയിച്ചു. നടപടിക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും പോരാടുമെന്നും ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. നടപടിയെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. ഏകാധിപത്യ നീക്കത്തെ ചെറുത്തുതോൽപ്പിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നതിന്റെ മറ്റൊരു തലമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കോ എന്നായിരുന്നു വിഷയത്തിൽ കെ ടി ജലീലിന്റെ പ്രതികരണം. 2025 ന് മുമ്പ് തന്നെ ഹിന്ദുത്വ രാഷ്ട്രം പിറന്നോയെന്നും പ്രതിഷേധിക്കാൻ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു. നടപടിയുടെ വേ?ഗം ഞെട്ടിപ്പിക്കുന്നത് എന്നായിരുന്നു വിഷയത്തിൽ ശശി തരൂർ എം പി വ്യക്തമാക്കിയത്.