സര്‍ക്കാര്‍ ജീവനക്കാരുടെ മിനിമം ശമ്പളം 18,000ല്‍ നിന്ന് 26,000 രൂപയായി ഉയര്‍ന്നേക്കും; ക്ഷാമബത്ത 4 ശതമാനം കൂട്ടാനും സാധ്യത

ഈ മാസം അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും ഫിറ്റ്മെന്റ് ഫാക്ടറും പരിഷ്‌കരിക്കുന്നതോടെ ജീവനക്കാരുടെ മിനിമം ശമ്പളം 18,000 രൂപയില്‍ നിന്ന് 26,000 രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്. ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിച്ച് 42 ശതമാനമാക്കാനും സാധ്യതയുണ്ട്.

സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും ഡിയറന്‍സ് റിലീഫും ജനുവരി, ജൂലൈ മാസങ്ങളിലാണ് പരിഷ്‌കരിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയറന്‍സ് അലവന്‍സും പെന്‍ഷന്‍കാര്‍ക്ക് ഡിയറന്‍സ് റിലീഫുമാണ് ലഭിക്കുന്നത്. നിലവില്‍ രാജ്യത്തെ ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 38 ശതമാനം ക്ഷാമബത്തയാണ് ലഭിക്കുന്നത്. ഇത് 42 ശതമാനം ആക്കാനാണ് സര്‍ക്കാര്‍ നീക്കം. 2022 സെപ്തംബര്‍ 28 നാണ് അവസാനമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിച്ചത്. 2022 ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

അതേസമയം, കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഡിയര്‍നസ് അലവന്‍സ് (ഡിഎ), ഡിയര്‍നെസ് റിലീഫ് (ഡിആര്‍) എന്നിവയുടെ മൂന്ന് ഗഡുക്കള്‍ സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്നു. ഈ കുടിശിക ഇത്തവണയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫിറ്റ്മെന്റ് ഫാക്ടര്‍ 3.68 ആയി ഉയര്‍ത്തണമെന്ന് ജീവനക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ 2.57% ഫിറ്റ്മെന്റ് ഫാക്ടറിലാണ് ശമ്പളം കണക്കാക്കുന്നത്. അതായത് 4200 ഗ്രേഡ് പേയില്‍ 15,500 രൂപ ലഭിക്കുന്ന ഒരു ജീവനക്കാരന് ആറാം കേന്ദ്ര ശമ്പള കമ്മീഷന്‍ പ്രകാരം കണക്കാക്കിയാല്‍ (15,500 x 2.57 രൂപ) മൊത്തം ശമ്പളമായി 39835 രൂപ ലഭിക്കും. നേരത്തെ ആറാം ശമ്പള കമ്മീഷന്‍ ഫിറ്റ്മെന്റ് അനുപാതം 1.86% ആയിരുന്നു.