കൊവിഡ് വ്യാപനം: ആശങ്ക വേണ്ട, ജാഗ്രത മതി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, ആശങ്ക വേണ്ടെന്നും യോഗം വിലയിരുത്തി.

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 200 കടന്നഎല്ലാ ജില്ലകളിലും ജാഗ്രത കര്‍ശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണമെന്നും ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതലായി മാറ്റിവയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പുതിയ വകഭേദമുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കണം. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.

അതേസമയം, സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മന്ത്രി സഭാ യോഗത്തില്‍ വിശദീകരിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍. ഇന്നലെ 210 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 പേര്‍ക്കാണ് എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 36 പേര്‍ക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.