ഖരമാലിന്യ സംസ്‌കരണത്തിൽ കേരളം മാനദണ്ഡങ്ങൾ ലംഘിച്ചു; ബ്രഹ്മപുരം തീപിടിത്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ. ഖരമാലിന്യ സംസ്‌കരണത്തിൽ കേരളം മാനദണ്ഡങ്ങൾ ലംഘിച്ചെന്നും അതിന്റെ ദൂഷ്യഫലമാണ് കൊച്ചിയിൽ കണ്ടെതെന്നും അദ്ദേഹം ആരോപിച്ചു.

ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി കേരള സർക്കാർ അട്ടിമറിച്ചെന്ന ആരോപണവും അദ്ദേഹം മുന്നോട്ടുവെച്ചു.

ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറി അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണം. കൊച്ചിയിലെ ജനങ്ങൾക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായി. ഇതിന് ആരോട് സമാധാനം പറയേണ്ടത്. സോൺടയ്ക്ക് വേണ്ടി വഴിവിട്ട് കരാർ നൽകിയതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് പരിശോധിക്കണം. സോൺട കമ്പനിക്കാണ് കരാർ നൽകിയത്. അവർ മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകി. 55 കോടിക്ക് എടുത്ത കരാർ 22 കോടിക്ക് ഉപകരാറായി നൽകിയെന്നും ഉപകരാർ നൽകിയത് യുഡിഎഫ് നേതാവിന്റെ ബന്ധുവിനാണെന്നും അദ്ദേഹം അറിയിച്ചു.