സംസ്ഥാനത്ത് കെട്ടിട നികുതിയിൽ ഉടൻ വർദ്ധനവ് ഉണ്ടാകില്ല; ഇന്ധനസെസ് ഉൾപ്പെടെയുള്ളവ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നികുതിയിൽ ഉടൻ വർദ്ധനവ് ഉണ്ടാകില്ല. തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്ന കെട്ടിട നികുതി, ഭൂമിയുടെ ന്യായവിലയുടെ കൂടി അടിസ്ഥാനത്തിൽ പുനർനിർണയിക്കാൻ ധനബില്ലിൽ വ്യവസ്ഥ ഉൾപ്പെടുത്തിയെങ്കിലും ഏപ്രിൽ ഒന്നു മുതൽ ഈ തീരുമാനം നടപ്പിലാക്കില്ലെന്നാണ് വിവരം. വിഷയത്തിൽ കനത്ത എതിർപ്പും പ്രതിഷേധവും ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

അതേസമയം, നിയമസഭ പാസാക്കിയ ധനബില്ലിലെ നികുതി നിർദേശങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. മാലിന്യ സംസ്‌കരണത്തിന് യൂസർ ഫീ ഈടാക്കാനുള്ള വ്യവസ്ഥ ഉൾപ്പെടെ ബില്ലിൽ നിലനിൽക്കുന്നുണ്ട്. പഞ്ചായത്തുകളിൽ 50 രൂപയും കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 70 രൂപയുമാണ് നിലവിലെ യൂസർ ഫീ. ഇത് ചുമത്താൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിയമപരമായ അനുവാദം നൽകുന്നതിനാണ് ബില്ലിൽ വ്യവസ്ഥ കൊണ്ടുവന്നിട്ടുള്ളത്.

മോട്ടർ വാഹന നികുതിയിലെ വർദ്ധനവ്, ഇന്ധന സെസ് വർദ്ധനവ്, മദ്യവിലയിലുള്ള സെസ് തുടങ്ങിയവയും കഴിഞ്ഞ ദിവസം പാസാക്കിയ ധനബില്ലിലുണ്ട്. ഇതെല്ലാം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.