സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ്; നിയമസഭയ്ക്ക് പുറത്തേയ്ക്കും പ്രതിഷേധം വ്യാപിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ്. നിയമസഭയ്ക്ക് പുറത്തേയ്ക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

പ്രതിഷേധത്തിന്റെ ഭാഗമായി ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റ് വളയാനും യുഡിഎഫ് തീരുമാനിച്ചു. മെയ് മാസം രണ്ടാം ആഴ്ചയിലാണ് സമരം തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ശക്തമായ സമരം നടത്താനും യുഡിഎഫ് യോഗത്തിൽ തീരുമാനമായി. എല്ലാ മാസവും യുഡിഎഫ് നേതാക്കളുടെ യോഗം ചേരാനും ധാരണയായിട്ടുണ്ട്.

അതേസമയം, പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിരുന്നു. തുടർന്നാണ് യുഡിഎഫിന്റെ സമര പ്രഖ്യാപനമുണ്ടായത്. ഈ മാസം 30 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷ ബഹളം ശക്തമായതോടെയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്.