ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മൂന്നാംമുന്നണി രൂപവത്കരിക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്നതായി റിപ്പോർട്ട്. 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തിയാണ് കെജ്രിവാൾ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം.
കെജ്രിവാൾ പദ്ധതിയിട്ടിരുന്നത് ബിജെപി. ഇതര, കോൺഗ്രസ് ഇതര മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ വിളിച്ചുചേർക്കാനായിരുന്നുവെന്നും എന്നാൽ, ക്ഷണം അഭ്യർത്ഥിച്ച് അയച്ച കത്തുകൾക്ക് നേതാക്കന്മാരിൽ നിന്ന് പ്രതീക്ഷ പ്രതികരണം ഉണ്ടായില്ലെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏഴ് മുഖ്യമന്ത്രിമാർക്കാണ് കെജ്രിവാൾ കത്തയച്ചത്. മാർച്ച് 18-ന് ഡൽഹിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്. കേന്ദ്രവുമായി സമാനവിഷയങ്ങളിൽ ഇടഞ്ഞുനിൽക്കുന്നവരുടെ കൂട്ടായ്മ രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബെംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തുടങ്ങിയ മുഖ്യമന്ത്രിമാർക്കാണ് കെജ്രിവാൾ കത്ത് നൽകിയത്. ഫെബ്രുവരി അഞ്ചിനാണ് കെജ്രിവാൾ ഇവർക്ക് കത്തയച്ചത്. പലരും അസൗകര്യമറിയിച്ചതിനെ തുടർന്ന് മാർച്ച് 18 ന് ഈ യോഗം ചേർന്നില്ലെന്നാണ് വിവരം.

