അടിയന്തരപ്രമേയ നോട്ടീസ് പ്രതിപക്ഷത്തിന്റെ അവകാശം; ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസ് പ്രതിപക്ഷത്തിന്റെ അവകാശമാണെന്നും അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ള കേസെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തെ വനിതാ എം.എൽ.എ മാരെ അടക്കം ആക്രമിച്ചവരെ സർക്കാർ സംരക്ഷിക്കുന്നു. തങ്ങൾ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാതെ പ്രതിഷേധം അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ അംഗീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല. പ്രതിപക്ഷവുമായി ഒരു ചർച്ചയും സ്പീക്കർ നടത്തിയിട്ടില്ല. റൂളിങ്ങിൽ അവ്യക്തതയുണ്ട്. അടിയന്തര പ്രമേയ ചർച്ചകൾ അനുവദിക്കില്ല എന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീസുരക്ഷ വിഷയമാണ് പ്രതിപക്ഷം സഭയിൽ ഉയർത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ സ്ത്രീ പീഡനത്തിനിരയായി. തിരുവനന്തപുരത്ത് സ്ത്രീക്ക് എതിരെ ലൈംഗികാതിക്രമം ഉണ്ടായി. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള പോലീസ് സ്റ്റേഷനിലെ സ്ഥിതി ഇതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലോ കോളജിൽ എസ്എഫ്‌ഐ അതിക്രമം നടത്തി. എസ്എഫ്‌ഐ ക്രിമിനലുകക്ക് എതിരെ എന്ത് കേസെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എന്ത് വൃത്തിക്കേടും നടക്കും. ഇതൊന്നും നിയമസഭയിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് സൗകര്യമില്ല. ഇതിന് തങ്ങൾ കീഴടങ്ങിയാൽ പ്രതിപക്ഷ അവകാശം മുഴുവൻ കവർന്നെടുക്കുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.