ജനാധിപത്യത്തിലുള്ള ആശങ്കകളാണ് ലണ്ടനിൽ നടന്ന സംവാദങ്ങളിൽ പങ്കുവച്ചത്; വിശദീകരണവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലണ്ടനിൽ നടത്തിയ പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനാധിപത്യത്തിലുള്ള ആശങ്കകളാണ് ലണ്ടനിൽ നടന്ന സംവാദങ്ങളിൽ പങ്കുവച്ചതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. മറ്റൊരു രാജ്യത്തോട് ഇക്കാര്യത്തിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച ചേർന്ന പാർലമെന്റ് കൺസൾട്ടീവ് കമ്മിറ്റി യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

അതേസമയം, തന്നെ രാജ്യവിരുദ്ധനായി ചിത്രീകരിക്കുന്നതിനെയും അദ്ദേഹം അപലപിച്ചു. ഡൽഹി പോലീസിന് മറുപടിയുമായി നേരത്തെ രാഹുൽ രംഗത്തെത്തിയിരുന്നു. പത്ത് ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി നൽകുമെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കിയത്. പീഡനത്തിനിരയായ പെൺകുട്ടികൾ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന കശ്മീരിലെ പ്രസംഗത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ഡൽഹി പോലീസ് രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് നൽകിയത്

ഏതെങ്കിലും ഭരണകക്ഷി നേതാക്കൾ സമാനമായ ഒരു യാത്ര നടത്തി ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ പിന്നാലെ പോകുമായിരുന്നോയെന്നും രാഹുൽ ഗാന്ധി പോലീസിനോട് ചോദിച്ചു. ജനുവരി മുപ്പതിന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് ഡൽഹി പോലീസ് നോട്ടീസ് നൽകാനുണ്ടായ കാരണം.