തന്റെ പരാമർശം ക്രൈസ്തവരും ബിജെപിയും തമ്മിലുള്ള കൈകോർക്കലായി വ്യാഖ്യാനിക്കേണ്ട; വിവാദങ്ങളിൽ പ്രതികരണവുമായി തലശേരി ആർച്ച് ബിഷപ്

കണ്ണൂർ: വിവാദങ്ങളിൽ പ്രതികരണവുമായി തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. കുടിയേറ്റ കർഷകന്റെ വികാരമാണ് താൻ പ്രകടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കർഷകർക്കുവേണ്ടി സംസാരിക്കാൻ പാടില്ലെന്ന് ആരും കൽപന പുറപ്പെടുവിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ഇറക്കുമതി നയം നിശ്ചയിക്കേണ്ടത്. ബിജെപിയെ പരാമർശിച്ചത് അതുകൊണ്ടാണ്. അതിനെ ക്രൈസ്തവരും ബിജെപിയും തമ്മിലുള്ള കൈകോർക്കലായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റബറിന് കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്നും കേരളത്തിൽ നിന്ന് എംപി ഇല്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചുതരുമെന്നുമായിരുന്ന് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പരാമർശമാണ് വിവാദത്തിന് കാരണം. ഇതിന് പിന്നാലെ നിരവധി പേരാണ് ബിഷപ്പിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.