ഏപ്രിൽ ഒന്നിന് മുൻപ് ക്ലാസുകൾ ആരംഭിക്കരുത്; സ്കൂളുകൾക്ക് നിർദ്ദേശം നൽകി സിബിഎസ്ഇ

ന്യൂഡൽഹി: ഏപ്രിൽ ഒന്നിന് മുൻപ് ക്ലാസുകൾ ആരംഭിക്കരുതെന്ന് സ്‌കൂളുകൾക്ക് നിർദ്ദേശം നൽകി സിബിഎസ്ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് ചില സ്‌കൂളുകൾ മാർച്ച് മാസത്തിൽ തന്നെ ക്ലാസുകൾ ആരംഭിച്ചുവെന്ന സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്‌കൂളുകൾക്ക് പുതിയ നിർദ്ദേശം നൽകിയത്.

ഒരു വർഷത്തെ പാഠം ചെറിയ കാലയലവിൽ തീർക്കുന്നത് കുട്ടികളിൽ ആശങ്ക സൃഷ്ടിക്കുമെന്നും പാഠഭാഗം വേഗത്തിൽ ഗ്രഹിക്കാൻ കഴിയാത്തത് കുട്ടികളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കി സിബിഎസ്ഇ സെക്രട്ടറി അനുരാഗ് തൃപാഠി ഉത്തരവ് പുറപ്പെടുവിച്ചു. ക്ലാസുകൾ നേരത്തെ ആരംഭിക്കുന്നത് കുട്ടികളിലെ പാഠ്യേതരക വിഷയങ്ങൾക്കുള്ള സമയം നഷ്ടപ്പെടുത്തുമെന്നും സിബിഎസ്ഇ ഇറിയിച്ചു.

കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ പഠനം പോലെ തന്നെ പ്രധാനപ്പെട്ടതാണ്. അവ നൽകുന്ന മാനസിക -ശാരീരിക ആരോഗ്യം പ്രധാനപ്പെട്ടതാണെന്നും സിബിഎസ്ഇ ചൂണ്ടിക്കാട്ടി.