വ്യാജ കറൻസി തട്ടിപ്പ് വ്യാപകം; ഇരുട്ടിൽ തപ്പി പോലീസ്

മുണ്ടക്കയം: ഇടുക്കി ജില്ലയിൽ വ്യാജ കറൻസി തട്ടിപ്പ് വ്യാപകമായിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാതെ പോലീസ്. കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോഴും മറ്റും വ്യാജ നോട്ട് നൽകി പണം തട്ടുന്ന സംഘം ജില്ലയിൽ വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കറുകച്ചാൽ നെടുംകുന്നം നൂറോമ്മാവ് റോഡ് കന്നാലിപ്പടിയിൽ കുഞ്ഞുകുട്ടന്റെ കടയിൽ ബൈക്കിലെത്തിയ യുവാവ് 4000 രൂപയാണ് കബളിപ്പിച്ച് കൊണ്ടുപോയത്.

ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിലുള്ള 2000 രൂപയുടെ നോട്ടുകളാണ് കടയിൽ നൽകിയത്. പിന്നീട് കടയിലെത്തിയ ലോട്ടറി കച്ചവടക്കാരൻ നാല് 500 രൂപ നോട്ടുകൾ നൽകി കുഞ്ഞുകുട്ടനിൽ നിന്ന് 2000 രൂപ വാങ്ങി. ഇതുമായി ലോട്ടറി കച്ചവടക്കാരൻ റേഷൻകടയിലെത്തിയപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് ബോദ്ധ്യപ്പെട്ടത്.

അടുത്തിടെ മുണ്ടക്കയം സ്വദേശിനിയായ വൃദ്ധയും കബളിപ്പിക്കപ്പെട്ടിരുന്നു. ഇവരുടെ കൈയിൽ നിന്ന് 100 ലോട്ടറി ടിക്കറ്റുകൾ വാങ്ങി രണ്ടായിരത്തിന്റെ രണ്ട് നോട്ടുകൾ നൽകിയായിരുന്നു തട്ടിപ്പ് സംഘം ഇവരെ കബളിപ്പിച്ചത്. രണ്ടു കേസിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ, അന്വേഷണം ഇപ്പോഴും ഇരുട്ടിൽ തന്നെയാണ്. കാര്യമായ പുരോഗതികളൊന്നും അന്വേഷണത്തിൽ ഉണ്ടായിട്ടില്ല.

കൂടുതലായും പ്രായമായവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടക്കുന്നത്. ലോട്ടറി വിൽക്കുന്നവരും പെട്ടിക്കട നടത്തുന്നവരുമാണ് കൂടുതലും തട്ടിപ്പിന് ഇരയാകുന്നത്. വ്യാജ നോട്ടുകൾ ഇവർക്ക് പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ലെന്നത് മുതലെടുത്താണ് തട്ടിപ്പ് സംഘത്തിന്റെ പ്രവർത്തനം.